
ലണ്ടൻ/ദോഹ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ നടന്ന അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ (IMO) 138-ാമത് കൗൺസിൽ യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഐ.എം.ഒ-യിലേക്കുള്ള ഖത്തറിന്റെ സ്ഥിരം പ്രതിനിധി സംഘമാണ് നവംബർ 2 മുതൽ 6 വരെ സംഘടനയുടെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്.
അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക, സമുദ്ര ഗതാഗത മേഖലയുടെ വികസനത്തിന് പിന്തുണ നൽകുക, നാവിക സുരക്ഷ ഉറപ്പാക്കുക, അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഖത്തർ യോഗത്തിൽ പങ്കെടുത്തത്.
സംഘടനയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ഭരണപരവും തന്ത്രപരവുമായ വിഷയങ്ങൾ കൗൺസിൽ ചർച്ച ചെയ്തു. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലെയും ചെങ്കടലിലെയും പ്രധാന കപ്പൽപ്പാതകളുടെ സംരക്ഷണം, കപ്പൽ ഗതാഗത സ്വാതന്ത്ര്യം, നാവികരുടെ സുരക്ഷ എന്നിവ നേരിടുന്ന വെല്ലുവിളികളും യോഗത്തിൽ വിശദമായി ചർച്ചയായി.
അന്താരാഷ്ട്ര സമുദ്ര മേഖലയുടെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഐ.എം.ഒ അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു യോഗത്തിലെ പങ്കാളിത്തം.










